
മുസ്‌ലിം കൂട്ടായ്മയെന്നു പറഞ്ഞ് വോട്ടു ബാങ്ക് സൃഷ്ടിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വോട്ടുബാങ്കായതുകൊണ്ട് തന്നെ അവർക്കെതിരെ ഒന്നും പറയാൻ ആരും ധൈര്യപ്പെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂട്ടായ്മയുടെ പേരിൽ അവർ പലതും വിലപേശി നേടിയെടുത്തു. ഇതു ചോദ്യംചെയ്ത തന്നെ അവർ വർഗീയവാദിയായി ചിത്രീകരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. നെയ്യാറ്റിൻകരയിൽ നടന്ന വിവിധ എസ്എൻഡിപി യോഗം യൂണിയനുകളിലെ ശാഖാഭാരവാഹികളുടെ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളി വീണ്ടും മുസ്ലീം സംഘടനകൾക്കെതിരെ വിമർശനം ഉയർത്തിയത്.
മതേതരത്വം പറയുന്ന മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഇരട്ടമുഖമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നാട്ടിൽ മതേതരത്വം പറയുകയും പുറത്തുപോയി വർഗീയത സംസാരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ സ്വർണം അടിച്ചുമാറ്റിയെന്നാണ് നാട്ടിലെ പ്രധാന വാർത്ത. ഇതു ശബരിമലയിൽ മാത്രമല്ല, ഗുരുവായൂർ ഉൾപ്പെടെയുള്ള എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള അടിച്ചുമാറ്റൽ നടക്കുന്നുണ്ട്. ഇതു കണ്ടെത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം- വെള്ളാപ്പള്ളി പറഞ്ഞു.











